ഇസ്‌ലാം വിഭാവനം ചെയ്യുന്ന പ്രത്യ ശാസ്ത്രവും കാഴ്ചപ്പാടുകളും ഇതര മതസ്ഥരെ ഇസ്‌ലാമിൽ ആകൃഷ്ടരാക്കുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. മനുഷ്യ മനസ്സിന് സമരസപ്പെടാനും പ്രാവർത്തികമാക്കാനും കഴിയുന്ന അനുഷ്ഠാനങ്ങളും സമീപനങ്ങളുമായതു കൊണ്ടു തന്നെ അനുദിനം ഇസ്ലാമിലേക്ക് പുതു വിശ്വാസികൾ കടന്നു വരികയും ചെയ്യുന്നു.
വർഗീയതക്കെതിരെയുള്ള ഇസ്‌ലാമിക നിലപാട് ദർശിച്ചിട്ടായിരുന്നു പുവെർട്ടോ റിക്കൻ എഴുത്തുകാരിയായ വെൻഡി ദിയസ് (Wendy Díaz) ഇസ്‌ലാം ആശ്ലേഷിച്ചത്. ക്രിസ്തു മത വിശ്വാസിയായിരുന്ന ദിയസ്, തന്റെ പതിനേഴാം വയസ്സിൽ പിതാവിനോടൊപ്പം പ്രാർത്ഥനക്കായി ചർച്ചിലേക്ക് പോയപ്പോൾ തൊലിനിറം കറുപ്പായതിന്റെ പേരിൽ പള്ളിയിൽ നിന്ന് പുറത്താക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തു.
പിന്നീട് അവർ ബൈബിൾ പഠനത്തിനായി ഒരു ക്രിസ്ത്യൻ പള്ളിയിൽ ചേരുകയും പുവെർട്ടോ റിക്കോയിൽ കത്തോലിക്കായി വാഴ്ത്തപ്പെടുകയും ചെയ്‌തു. പക്ഷെ, അവിടെയും സമാന അനുഭവമുണ്ടാവുകയും കത്തോലിക്കുകൾക്കിടയിലുള്ള വികല ചിന്താഗതി മൂലം അവർ പഠനം പാതി വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.
തന്റെ പിതാവ് മിലിറ്ററിയിൽ നിയമിതനായി അമേരിക്കയിൽ കഴിയുമ്പോഴാണ് ഒരു മുസ്ലിം സുഹൃത്ത് വഴി ദിയസ് ഇസ്ലാമിനെ കുറിച്ച് അറിയുന്നതും മനസ്സിലാക്കുന്നതും. എങ്കിലും മുസ്ലിംകളുടെ വസ്ത്ര സ്വഭാവ ആരാധനാ രീതികളിൽ വശംവദയായ അവർ, ചർച്ചിലേക്കുള്ള സന്ദർശനം മുടങ്ങാതെ നടത്തി വന്നു.
അതിനിടയിലാണ് തന്റെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്.
പിതാവിന് വീണ്ടും ജോലിയിൽ സ്ഥലം മാറ്റം ലഭിക്കുകയും അവിടെയുള്ള സ്കൂളിൽ പോകുന്ന വഴി, ദിവസവും രണ്ട് ചർച്ചുകൾ തന്റെ ശ്രദ്ധയിൽ പെടുകയും ചെയ്തു. ഇഷ്ടിക കൊണ്ട് നിർമിച്ച വെള്ള നിറത്തിലുള്ള ഒരു വലിയ പള്ളിയും അതിനു സമീപം ഉപേക്ഷിക്കപ്പെട്ട രീതിയിൽ കാണപ്പെടുന്ന ഒരു ചെറിയ പള്ളിയുമായിരുന്നു അവ.
ഒരു ദിവസം വലിയ പള്ളിയിലേക്ക് പ്രാർത്ഥനക്കായി ദിയസും പിതാവും പോയപ്പോൾ മാന്യനെന്ന് തോന്നിക്കുന്ന ഒരു വെള്ളനിറക്കാരൻ അവരുടെ പള്ളി പ്രവേശനം തടയുകയും കറുത്ത വർഗമായതിനാൽ പള്ളിയിൽ കൂടിയ മറ്റു വിശ്വാസികൾ അവരെ പരിഹസിക്കുകയും ചെയ്തു. അന്യാധീനമായി കിടക്കുന്ന പള്ളിയിലേക്ക് ചൂണ്ടി വെള്ളക്കാരൻ അവരോട് പറഞ്ഞു : "നിങ്ങൾ കറുത്തവർക്കുള്ള പള്ളിയാണ് അന്വേഷിക്കുന്നതെങ്കിൽ, അത് അവിടെയാണ് ". ഇത് കേട്ട ദിയസ് വികാരഭരിതയാവുകയും അടങ്ങാത്ത ക്രോധത്തോടെ, അപമാനിതയായി പിതാവിനോടൊപ്പം ആ ചെറിയ കെട്ടിടത്തിലേക്ക് പോവുകയും ചെയ്തു. പിതാവിന്റെ പുവെർട്ടോ റിക്കൻ തൊലിനിറം (café con leche) നോക്കിക്കൊണ്ട് ദിയസ് ചിന്തിച്ചു, ഒരു വെളുത്ത ദൈവത്തെ വെളുത്തവരോടൊപ്പം ആരാധിക്കാൻ തങ്ങൾക്ക് അവകാശമില്ല, പക്ഷെ, രാജ്യത്തിനു വേണ്ടി സ്വയം സമർപ്പിച്ച ഒരു യോദ്ധാവാണെന്ന പരിഗണന പോലും പിതാവിന് ലഭിച്ചില്ല.
അവർ ആ "കറുത്ത പള്ളി"യിലേക്ക് പോയപ്പോൾ അവിടെ ഉണ്ടായിരുന്നത് ഒരു കറുത്ത വർഗ കുടുംബമായിരുന്നു. അവർ ദിയസിനെയും പിതാവിനെയും വരവേറ്റെങ്കിലും, തൃപ്തിയാകാതെ ഉടൻ തന്നെ വീട്ടിലേക്ക് തിരിച്ച ദിയസിന്റെ ചിന്ത മുഴുവൻ ക്രിസ്തു മതത്തിനുള്ളിലെ വിശ്വാസപരമായ അസ്ഥിരതകളെ കുറിച്ചും അപാകതകളെ കുറിച്ചുമായിരുന്നു.
ബൈബിളിൽ വിഗ്രഹാരാധന നിഷിദ്ധമാക്കപ്പെട്ടിട്ടും യേശു, മേരി, ദൈവം, മറ്റു പ്രവാചകർ തുടങ്ങിയവരുടെ സാങ്കല്പിക ചിത്രം ക്രിസ്ത്യാനികൾ രൂപകല്പന ചെയ്യുന്നതിന്റെ യുക്തി ദിയസിന് മനസ്സിലായില്ല. മാത്രമല്ല, മനുഷ്യന് സമാനമായ പരിവേശമുള്ള ഒരു ദൈവത്തെ വിശ്വസിക്കാനും ഉൾകൊള്ളാനും അവർ തയ്യാറായിരുന്നില്ല.
ഇനിയൊരിക്കലും നിറത്തിന്റെ പേരിൽ ഇത്തരമൊരു ദുരനുഭവത്തിന് ഇടയാവരുതെന്ന് അവർ മനസ്സിലുറപ്പിച്ചു. ദൈവമുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിലും അത് ചർച്ചിലെ ചുമരുകൾക്കതീതമാണെന്ന തികഞ്ഞ ബോധ്യവും ഇതോടെ അവർക്ക് ലഭിച്ചു.
ഒരർത്ഥത്തിൽ വെള്ളക്കാരൻ അവരെ പള്ളിയിൽ നിന്ന് പുറത്താക്കിയപ്പോൾ ക്രിസ്തു മതത്തിൽ നിന്ന് തന്നെ, ഒഴിവാക്കപ്പെട്ടത് പോലെയാണ് ദിയസിന് അനുഭവപ്പെട്ടത്.
പിന്നീടങ്ങോട്ട് അവർ തന്റെ മുസ്ലിം സുഹൃത്തുമായി നിരന്തരം ബന്ധപ്പെടുകയും ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിവേരുകളെ കുറിച്ച് പുസ്തകങ്ങളിലൂടെയും മറ്റും അപഗ്രഥിക്കുകയും ചെയ്തു.
"തന്റെ സൃഷ്ടികളേക്കാൾ നിസ്തുല്യനായ ദൈവ"മെന്ന ഇസ്‌ലാമിക സങ്കല്പമാണ് അവരെ ഏറെ ആകർഷിച്ചത്.
"നബീ, പ്രഖ്യാപിക്കുക: അവന്‍ ഏകനായ അല്ലാഹുവാകുന്നു; സര്‍വ സൃഷ്ടികളുടെയും ആശ്രയം. അവന്‍ ആര്‍ക്കെങ്കിലും ജന്മം നല്‍കുകയോ ആരുടെയെങ്കിലും സന്തതിയായി ജനിക്കുകയോ ചെയ്തിട്ടില്ല. അവന്ന് തുല്യനായി ഒരാളും തന്നെ ഇല്ല". ഈ ഖുർആനിക വചനങ്ങൾ ദിയസിന്റെ ദൈവ സങ്കല്പത്തെ അന്വർത്ഥമാക്കുന്നതായിരുന്നു. മാത്രമല്ല, ദൈവ രൂപത്തിലുള്ള മനുഷ്യ സൃഷ്ടിപ്പും യേശു ദൈവമോ ദൈവ പുത്രനോ ആണെന്ന വിശ്വാസവും കേവല മിഥ്യകളാണെന്ന് അവർക്ക് സുഗ്രാഹ്യമാവുകയും ചെയ്തു.
നീലക്കണ്ണും സ്വർണ മുടിയുമുള്ള വെളുത്ത ദൈവം വർഗീയതക്കും വർണ്ണാധിപത്യത്തിനുമുള്ള കൃസ്ത്യൻ കുഴലൂത്താണെന്നും അവർക്ക് മനസ്സിലായി.
തുടർന്ന്, ഇസ്‌ലാമിന്റെ സമാധാന തീരത്തേക്ക് ദിയസും കടന്നു വന്നു. അവരുടെ ആദ്യ മുസ്ലിം പള്ളി സന്ദർശനം തന്നെ അനുഭവഭേദ്യമായിരുന്നു. ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ വർണ്ണ ജാതി ഭേദമന്യേ തോളോട് തോൾ ചേർന്ന്, ഒരേ ദിശയിലേക്ക് തിരിഞ്ഞ്, ഒരേ ദൈവത്തിലേക്ക് സാഷ്ടാംഗം നമിക്കുന്ന അവിസ്മരണീയ മുഹൂർത്തമായിരുന്നു അത്. അപ്പോൾ അവർ തിരിച്ചറിഞ്ഞു : ഇസ്‌ലാം തന്നെയാണ് സർവ്വലോകനാഥനിലേക്കും നീതിയിലേക്കുമുള്ള പാത. ഇത് തന്നെയാണ് സത്യധാര.
അബ്ദുൽ ഹസീബ് കടവല്ലൂർ


COMMENTS